ഇടുക്കി : സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാത്തതിനാല്‍ വനാതിര്‍ത്തിയിലുള്ള ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കുന്ന വിദ്യാവാഹിനി പദ്ധതി ഇനി തുടരനാവില്ലെന്ന മുന്നറിയിപ്പുമായി ഇടുക്കി ജില്ലയിലെ കരാറുകാര്‍. വണ്ടി നിർത്തുന്നതോടെ ജില്ലയില്‍ അയ്യായിരത്തിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവർഗ്ഗ വകുപ്പിന്‍റെ വിശദീകരണം.
നവബറില്‍ ജില്ലയിലെ എല്ലാ കരാറുകാര്‍ക്കും സര്‍ക്കാര്‍ ഒരുമാസത്തെ പണം നല്‍കിയിരുന്നു. കുറത്തികുടിയിലെ കുട്ടികള്‍ക്ക് പഠനം മുടങ്ങിയെന്ന മാധ്യമ വാർത്തയെ തുടര്‍ന്നായിരുന്നു നടപടി. ബാക്കി കുടിശിക ഉടന്‍ നല്‍കുമെന്നും പിന്നിടങ്ങോട്ട് എല്ലാ മാസവും കൃത്യസമയത്ത് ലഭിക്കുമെന്നുമായിരുന്നു അന്നത്തെ ഉറപ്പ്. എന്നാല്‍ വാക്ക് പാലിച്ചില്ല. ഇപ്പോള്‍ നാലുമാസത്തെ കുടിശികയാണ് ബാക്കിയുളളത്. പണം കിട്ടിയില്ലെങ്കില്‍ പിന്നെങ്ങനെ വണ്ടിയോടിക്കാനാകുമെന്നാണ് കരാറുകാര്‍ ചോദിക്കുന്നത്.
ഇടുക്കിയില്‍ മാത്രം 400ലധികം വാഹനങ്ങളാണ് വിദ്യാവാഹിനിക്കായി ഓടുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ചില സ്കൂളുകള്‍ പെട്രോള്‍ പമ്പുടമകളുമായി സംസാരിച്ച് കടത്തിന് ഇന്ധനമടിക്കാനുള്ള സംവിധാനമൊരുക്കി. വലിയ ബാധ്യതയായതോടെ പമ്പുടമകളും കൈമലര്‍ത്തി. സര്‍ക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണ് പട്ടികവർഗ്ഗവകുപ്പ് പറയുന്നത്. പരിഹരിക്കാന്‍ ശ്രമിച്ചുവരുകയാണ്. ഒരുമാസത്തെ കുടിശികയെങ്കിലും ഉടന്‍ നല്‍കുമെന്നും പട്ടികവര്‍ഗ്ഗവകുപ്പ് വിശദീകരിച്ചു.

