വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കലക്ടറേറ്റിന്റെ മുന്നിൻ വച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട് റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേർ കൊല്ലപ്പെടുകയും തുടർന്ന് വൻ ജനകീയ പ്രക്ഷോഭവും അക്രമവും അരങ്ങേറിയതിന് പിന്നാലെയാണ് കേന്ദ്ര വനംമന്ത്രി വയനാട്ടിൽ സന്ദർശനത്തിനെത്തിയത്. കേന്ദ്ര മന്ത്രിയുടെ സന്ദർശനം അനൗദ്യോഗികമാണെന്നും മന്ത്രി വന്നത് നല്ല കാര്യമെന്നും എന്നാൽ കൂടിക്കാഴ്ചയില്ലെന്നും സംസ്ഥാന ധനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ ബേലൂർ മഗ്ന മിഷൻ തുടരുമെന്ന് സംസ്ഥാന ധനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന അതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെയ്ക്കാൻ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നു. കോടതിയുടെ നിലപാടിൽ അയവ് വന്നിട്ടുണ്ടെന്നും കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമെ തീരുമാനം എടുക്കാൻ കഴിയൂവെന്നും ചട്ടങ്ങളിൽ ഇളവ് വരുത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി

