പോർച്ചുഗീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി ടൊവിനോ തോമസ്, ഇന്ത്യൻ നടന് ഈ പുരസ്‌കാരം ലഭിക്കുന്നതിതാദ്യം

പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്.

2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019 ൽ ഇതേ മേളയിൽ ഡോ.ബിജുവിൻ്റെതന്നെ ‘പെയിൻ്റിംഗ് ലൈഫ്’ എന്ന ചിത്രം ഡയറക്ടേഴ്‌സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടിയിരുന്നു. താലിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം രാധികാ ലാവുവിൻ്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്. ജയശ്രീ ലക്ഷ്മിനാരായണൻ ആണ് അസോസിയേറ്റ് പ്രൊഡ്യൂസർ. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതസംവിധാനം. യദു രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഡേവിസ് മാനുവൽ ആണ്.

പ്രമോദ് തോമസ് സൗണ്ട് മിക്സിംഗും അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിംഗും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് ദാസും പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ.ആർ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. അനൂപ് ചാക്കോ നിശ്ചലഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജാണ്. സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: