ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1965-76 കാലഘട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് വിവിധ അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പെലെ എന്ന പേരിലാണ് മുഹമ്മദ് ഹബീബ് അറിയപ്പെട്ടിരുന്നത്.
35 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് നേടിയത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ഹബീബിനെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1970ൽ ഏഷ്യൻ ഗെയിമിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു ഹബീബ്.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തെലങ്കാന സ്വദേശിയായ ഹബീബ് ഇന്ത്യൻ ടീമിൽ ഫോർവേഡ് ആയാണ് കളിച്ചിരുന്നത്. സന്തോഷ് ട്രോഫിയിൽ ബംഗാളിയാണ് പ്രതിനിധാനം ചെയ്തത്. 1969ൽ സന്തോഷ് ട്രോഫിയിൽ ബംഗാളിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 11 ഗോളുകൾ നേടി ടോപ് സ്‌കോററായി. ഇതിൽ രണ്ടു ഹാട്രിക്കും ഉൾപ്പെടും. ലീഗിൽ മോഹൻ ബഗാനു വേണ്ടിയും ഈസ്റ്റ് ബംഗാളിന് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.