Headlines

കാണാതായ യുവതിയെ കണ്ടെത്തിയത് മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ; മുങ്ങിമരിക്കാൻ സാധ്യതയില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാളൂര്‍ സ്വദേശി അനുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം ഇന്നലെ നാട്ടുകാര്‍ തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളുടെ പോലും മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ അനു മുങ്ങിമരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇതൊക്കെയാണ് അനുവിന്റെ മരണത്തിൽ സംശയം വർധിപ്പിക്കുന്നത്.

വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുൻപായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്. ഇന്നലെ രാവിലെ ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽ നിന്ന് യുവതി പോയത്. എന്നാൽ അനു ഭര്‍തൃവീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് ബന്ധുക്കൾക്ക് അനുവിനെ കിട്ടിയില്ല.

ഇരു വീടുകളിലും യാതൊരു പ്രശ്നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. അനുവിന് എന്തോ അപായം സംഭവിച്ചുവെന്ന് ഭയന്ന വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. ഇന്നലെ തന്നെ പൊലീസിൽ പരാതിയും നൽകി. ഇന്നലെ നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിച്ചു.

ഇന്ന് രാവിലെയാണ് ഇവിടെ പുല്ലരിയാൻ വന്ന നാട്ടുകാരൻ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. കമിഴ്‌ന്ന് കിടക്കുന്ന നിലയിലായതിനാൽ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം തോട്ടിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് മരിച്ചത് അനുവാണെന്ന് മനസിലായത്. തോട്ടിൻ കരയിൽ നിന്ന് ചെരുപ്പും മൊബൈൽ ഫോണും തിരച്ചിലിൽ കണ്ടെത്തി. മൃതദേഹത്തിൽ പാന്റ് അഴിഞ്ഞ നിലയിലായിരുന്നു. പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്. അതിനിടെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: