മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശരണപ്പ, ഡോണി മേഖലയിലെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു.
ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ കുത്തിയത്. ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഫെബ്രുവരിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് ശരണപ്പ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു.

