ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ഉന്നത തലസമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറി.



ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം ശുപാര്‍ശ ചെയ്തുള്ള ഉന്നതതല സമിതി റിപോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറി. രാജ്യത്തെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപോര്‍ട്ട് കൈമാറിയത്. 18,626 പേജുകളിലായി എട്ട് വാല്യങ്ങളായി തയ്യാറാക്കിയ റിപോര്‍ട്ടില്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനാണ് നിര്‍ദേശിക്കുന്നത്. ഇതിനുപുറമെ, രണ്ടാംഘട്ടത്തില്‍ 100 ദിവസത്തിനകം തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകള്‍ നടത്താനും ശുപാര്‍ശ ചെയ്യുന്നുണ്ട്

ഒറ്റത്തവണ തിരഞ്ഞെടുപ്പ് എന്ന ആശയത്തെ വിദഗ്ധ സമിതിയിലെ എല്ലാ അംഗങ്ങളും അനുകൂലിച്ചതായാണ് വിവരം. ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ ഇനി അധികാരത്തില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയായിരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. കേരളം ഉള്‍പ്പെടെയുള്ള ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാനും നിര്‍ദേശമുണ്ട്. അതേസമയം, ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഓരോ 15 വര്‍ഷത്തേക്കും 10,000 കോടി രൂപ വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ഇവിഎമ്മുകളുടെ പരമാവധി ആയുസ്സ് 15 വര്‍ഷമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഒരു സെറ്റ് മെഷീനുകള്‍ ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകള്‍ വരെ നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര നിയമകാര്യ കമ്മീഷന് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോള്‍ ഒരു പോളിങ് സ്‌റ്റേഷനിലേക്ക് രണ്ട് സെറ്റ് ഇവിഎം മെഷീനുകള്‍ വേണ്ടിവരും. പുതിയ മെഷീനുകളുടെ ഉല്‍പ്പാദനം, വെയര്‍ഹൗസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മറ്റ് ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്ത് 2029ല്‍ മാത്രമേ ഒറ്റത്തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി ചെയ്യേണ്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: