കൊച്ചി: കോതമംഗലത്ത് 72കാരിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാർഡായ കല്ലാടാണ് സാറാമ്മ എന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ധരിച്ചിരുന്ന നാല് വളകളും സ്വർണമാലയും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.
വൈകിട്ട് 3.45ഓടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം കോതമംഗലം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഭക്ഷണം കഴിച്ച് ഡൈനിംഗ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധം ഉപയോഗിച്ച് അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറിയ നിലയിലാണ്. മുൻപെങ്ങും പ്രദേശത്ത് കൊലപാതകം പോലുള്ല കുറ്റകൃത്യം നടന്നിട്ടില്ല.

