Headlines

വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ, കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണുന്നതിനൊപ്പം തന്നെ മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍പ് സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

വിവിപാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഒന്നിന് പിറകെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാനെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ എതിര്‍ത്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ വിവിപാറ്റുകള്‍ മുഴുവനായി എണ്ണുന്ന പതിവില്ല. വിവിപാറ്റ് ഒന്നിനുപുറകേ ഒന്നായിട്ട് എണ്ണാതെ ഓരോ അസംബ്ലി മണ്ഡലത്തിലും ഒരേസമയം പരിശോധന നടത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ 56 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ വിവിപാറ്റ് വെരിഫിക്കേഷന്‍ നടത്താമെന്നും ഹര്‍ജിക്കാരന്‍ നിര്‍ദേശിക്കുന്നു. ഹര്‍ജി മെയ് 17 ന് വീണ്ടും പരിഗണിക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: