Headlines

അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് വിജയം; വിജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍ ജയം. ഡബ്ലിനില്‍ മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍ മുന്നിലായിരുന്നു.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), റുതുരാജ് ഗെയ്കവാദ് (പുറത്താവാതെ 19) നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. അടുത്തടുത്ത പന്തുകളില്‍ ജെയ്‌സ്വാളും തിലക് വര്‍മയും (0) പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ ജയമുറപ്പിച്ചിരുന്നു. റുതുരാജിനൊപ്പം സഞ്ജു സാംസണ്‍ (1) പുറത്താവാതെ നിന്നു. ജെയ്‌സ്വളിനെ ക്രെയ്ഗ് യംഗ് പോള്‍ സ്റ്റിര്‍ലിംഗിന്റെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ തിലകിനെ യംഗ് വിക്കറ്റ് കീപ്പര്‍ ലോര്‍കാന്‍ ടക്കറിന്റെ കൈകളിലുമെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിന് ബാരി മക്കാര്‍ത്തി (33 പന്തില്‍ പുറത്താവാതെ 51) ക്വേര്‍ടിസ് കാംഫെര്‍ (39), എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ ബുമ്ര ഐറിഷ് പടയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ (4) ബൗള്‍ഡാക്കിയ ബുമ്ര, അതേ ഓവറില്‍ ലോര്‍കാന്‍ ടക്കറിനേും (0) മടക്കി. ഹാരി ടെക്റ്റര്‍ (9), പോള്‍ സ്റ്റിര്‍ലിംഗ് (11), ജോര്‍ജ് ഡോക്‌റെല്‍ (1) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി അയര്‍ലന്‍ഡ്. പിന്നാലെ മാര്‍ക്ക് അഡെയ്ര്‍ – കാംഫെര്‍ സഖ്യം 28 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഡെയ്‌റെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ കാംഫെര്‍ – മക്കാര്‍ത്തി സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് അയര്‍ലന്‍ഡ് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. കാംഫെറെ അര്‍ഷ്ദീപ് സിംഗ് ബൗള്‍ഡാക്കുകയായിരുന്നു. മക്കാര്‍ത്തി, ക്രെയ്ഗ് യംഗ് (1) പുറത്താവാതെ നിന്നു.

നേരത്തെ, ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗിനും പരിക്കല്‍ നിന്ന് മോചിതനായ പ്രസിദ്ധ് കൃഷ്ണയ്ക്കും അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: