ന്യൂഡല്‍ഹി: പ്രണയബന്ധം തകർന്ന് ഒരാൾ സ്വയം ജീവനൊടുക്കിയാൽ അതിന്റെ പേരിൽ സ്ത്രീക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്താനാകില്ലെന്ന് ഡൽഹിഹൈക്കോടതി. ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. ചപലവും ദുര്‍ബലവുമായ മാനസികാവസ്ഥ മൂലം ഒരു പുരുഷനെടുക്കുന്ന തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
2023-ല്‍ ഒരു യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവാവിന്‍റെ കാമുകിയായിരുന്ന സ്ത്രീയും ഇരുവരുടേയും പൊതുസുഹൃത്തായിരുന്ന അഭിഭാഷകനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചുനല്‍കവേയാണ് കോടതി നിര്‍ണായകനിരീക്ഷണം നടത്തിയത്.
തങ്ങള്‍ക്കിടയില്‍ ശാരീരികബന്ധമുണ്ടായിട്ടുണ്ടെന്നും ഉടനെതന്നെ വിവാഹിതരാകുമെന്നും യുവതിയും സുഹൃത്തും മകനോട് പറഞ്ഞതായും ഇതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും യുവാവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇരുവരും കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് യുവാവ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു.
മരിച്ചയാള്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ഹര്‍ജിക്കാരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍, ഒരു സാധാരണവ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ തക്കതായ കാരണങ്ങളൊന്നും ഹര്‍ജിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ, തന്റെ കഠിനമായ മനോവേദന മാത്രമാണ് മരിച്ചയാള്‍ തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കൂടാതെ, തെളിവായി രേഖപ്പെടുത്തിയിട്ടുള്ള വാട്‌സാപ്പ് ചാറ്റുകളില്‍നിന്ന് മരിച്ച വ്യക്തി ചപലനായ ഒരാളാണെന്നും സംസാരിക്കാനാകില്ലെന്ന് പറയുന്ന സന്ദര്‍ഭങ്ങളിലെല്ലാം താന്‍ ആത്മഹത്യചെയ്യുമെന്ന് മരിച്ചയാള്‍ കാമുകിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കസ്റ്റഡില്‍വെച്ച് ചോദ്യം ചെയ്യുന്നത് അന്വേഷണത്തെ സഹായിക്കാനാണെന്നും അല്ലാതെ ശിക്ഷിക്കാനല്ലെന്നും ഹര്‍ജിക്കാരെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യകതയില്ലെന്നും ജാമ്യമനുവദിച്ച് കോടതി പറഞ്ഞു. അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കണമെന്ന് ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നപക്ഷം ജാമ്യം റദ്ദാക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

