പൂരാവേശത്തിൽ തൃശൂർ; തേക്കിൻകാട് മൈതാനി ജനസാഗരമാകും; ഇന്ന് ആനന്ദക്കാഴ്ചയുടെ വർണവിസ്മയം പെയ്തിറങ്ങും



തൃശൂർ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം… പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളി വരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി… പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ വഴിയെല്ലാം തൃശൂരിലേക്കു തുറന്നുകഴിഞ്ഞു. തേക്കിൻകാട് മൈതാനി ഇന്ന് ഒരു ദിവസത്തേക്കു കടലാണ്- ആൾക്കടൽ

ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തിയെത്തി തെക്കേനട തുറന്നതോടെ പൂരത്തിനു വിളംബരമായി. അപ്പോൾ പുറത്തു കൂടിനിന്ന ജനത്തിൻ്റെ ആർപ്പുവിളി പൂരാവേശത്തിൻ്റെ പ്രഖ്യാപനമായി. രാവിലെ 11.30ന് മേളവിരുന്നു തുടങ്ങും. പഴയ നടക്കാവിൽ തെക്കേമഠത്തിനു സമീപമെത്തിയാൽ കോങ്ങാട് മധു പകരുന്ന പഞ്ചവാദ്യമധുരം. മഠത്തിൽവരവ് എന്നു ലോകം പേരിട്ടുവിളിക്കുന്ന വാദ്യവിസ്മയം. ഉച്ചയ്ക്‌ക് 1.15ന് നായ്ക്കനാലിൽ ഈ പഞ്ചവാദ്യം കലാശിക്കും. ചെണ്ടയുടെ മാസ്മരികതയാണ് അനുഭവിക്കേണ്ടതെങ്കിൽ 11.45ന് പാറമേക്കാവിൽ ചെമ്പടമേളം ഉണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: