തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാനക്കാണ് ജീവൻ നഷ്ടമായത്.ഇന്നലെ രാത്രി ഒരു മണിയോടെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെയാണ് കാട്ടാന ചരിഞ്ഞത്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ കാട്ടാന അബദ്ധത്തിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യത്തിനാണ് അർത്ഥമില്ലാതെ പോയിരിക്കുന്നത്.
കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുക.
വീട്ടുകാർ ഉപയോഗിക്കുന്ന കിണർ തന്നെയാണിത്. അൽപം ആഴമുള്ള കിണറാണ്. അബദ്ധത്തിൽ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂർവമല്ല

