Headlines

പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പൂരി സ്വദേശി നോബി തോമസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയിൽ ചികിത്സതേടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിലേക്ക് പോലീസുകാർ കൂടി വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കേസെടുക്കാൻ പറ്റില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാനും പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകാനായിരുന്നു പൊലീസ് നിർദ്ദേശം. തുടർന്ന് റോഡിലെത്തിയ ഇയാൾ ഗേറ്റ് വലിച്ചടച്ച് ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ വീണ്ടും സ്റ്റേഷനിൽ എത്തിയ ഇയാൾ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നു. സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാനും സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാർ അറിഞ്ഞതുമില്ല. പിന്നീട് നാട്ടുകാർ അറിയിച്ചപ്പോഴാണ് പോലീസുകാർ വിവരമറിഞ്ഞത്. നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: