ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോരിനെ തുടർന്ന് വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു. അനുവാദം വാങ്ങാതെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ലഫ്റ്റനന്‍റ് ഗവർണർ നടപടിയെടുത്തത്.
കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
നടപടിക്രമങ്ങൾക്ക് അനുസൃതമല്ല നിയമനമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ലഫ്റ്റനന്‍റ് ഗവർണർ വ്യക്തമാക്കി. വനിതാ കമ്മീഷനിലെ ജീവനക്കാർക്കുള്ള വേതനവും അലവൻസുകളും വർദ്ധിപ്പിച്ചത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചാണെന്നും ലഫ്റ്റനന്‍റ് ഗവർണർ ആരോപിച്ചു. ദില്ലിയിൽ നേരത്തെയും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര് ഉണ്ടായിട്ടുണ്ട്. ദില്ലിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി.

