ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവില്‍ മുംബൈ സിറ്റി ഐ എസ് എല്‍ കിരീടം ഉയർത്തി.
ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച് മോഹൻ ബഗാനെ തോല്‍പ്പിച്ച് ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ച് 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എല്‍ ഷീല്‍ഡ് മോഹൻ ബഗാനു മുന്നില്‍ നഷ്ടപ്പെട്ടതിന്റെ പകവീട്ടല്‍ കൂടി ആയി ഇത്.
ഇന്ന് ഇരു ടീമുകളും മികച്ച രീതിയില്‍ ആണ് ആദ്യ പകുതിയില്‍ കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് തവണ മുംബൈ സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹൻ ബഗാൻ ലീഡ് എടുത്തത്. ആദ്യ പകുതി മോഹൻ ബഗാൻ 1-0ന്റെ ലീഡില്‍ അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ മുംബൈ സിറ്റി തുടക്കത്തില്‍ തന്നെ തിരിച്ചടിച്ചു. 53ആം മിനുട്ടില്‍ പെരേര ഡിയസിലൂടെ ആയിരുന്നു മുംബൈ സിറ്റി തിരിച്ചടിച്ചത്. ഇതിനു ശേഷം രാഹുല്‍ ബെകെയിലൂടെ ഒരു സുവർണ്ണാവസരം മുംബൈക്ക് ലഭിച്ചു എങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല.
മത്സരത്തിന്റെ 81ആം മിനുട്ടില്‍ ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ആദ്യമായി ലീഡ് എടുത്തു. താരത്തിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇഞ്ച്വറി ടൈമില്‍ വോചസിലൂടെ മൂന്നാം ഗോള്‍ കൂടെ മുംബൈ സിറ്റി നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.
മുംബൈ സിറ്റിയുടെ രണ്ടാം ഐ എസ് എല്‍ കിരീടമാണിത്.

