Headlines

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; ‘ലോട്ടറിക്കള്ളനെ’ പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

കോട്ടയം: കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരിയുടെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച കള്ളന്‍ കുടുങ്ങി. ലോട്ടറി വില്‍പ്പനക്കാരിയുടെ പെന്‍കാമറയിലെ ദൃശ്യങ്ങളിലൂടെയാണ് ലോട്ടറിക്കള്ളന്‍ പിടിയിലായത്. കോട്ടയം കളത്തിപ്പടി സ്വദേശിനി റോസമ്മ സുഭാഷാണ് കള്ളനെ കാമറയില്‍ കുടുക്കിയത്.

ജന്മനാ കാഴ്ചപരിമിതിയുള്ള റോസമ്മ കഴിഞ്ഞ പത്തുവര്‍ഷമായി കോട്ടയം നഗരത്തിന്‍രെ വിവിധഭാഗങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ജീവിച്ചുവരുന്നത്. കാഴ്ചപരിമിതി മനസ്സിലാക്കി കള്ളന്മാര്‍ ലോട്ടറി മോഷ്ടിക്കുന്നത് പതിവാക്കിയതോടെയാണ് റോസമ്മ പെന്‍കാമറ വസ്ത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഒരു ടെലിവിഷന്‍ സീരിയലില്‍ നിന്നാണ് പെന്‍കാമറ എന്ന ആശയം ലഭിക്കുന്നതെന്ന് റോസമ്മ പറയുന്നു. ഒരു സുഹൃത്തിനോട് പറഞ്ഞാണ് പെന്‍കാമറ സംഘടിപ്പിക്കുന്നത്. ആളുകള്‍ ലോട്ടറി വാങ്ങാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന് ലോട്ടറികള്‍ കാണിക്കും. ഈ സമയം ലോട്ടറി വാങ്ങാനെത്തുന്നവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിയുമെന്ന് റോസമ്മ പറഞ്ഞു.

ലോട്ടറി കള്ളന്മാരെത്തുന്നത് കണക്കുകൂട്ടി റോസമ്മ കാത്തിരുന്നു. അങ്ങനെ കഴിഞ്ഞദിവസം വില്‍പ്പന കഴിഞ്ഞപ്പോള്‍ ലോട്ടറി മോഷണം പോയതായി റോസമ്മ മനസ്സിലാക്കി. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടെത്തിയത്. കള്ളന്‍ തന്റെ മുന്നിലെത്തി മാപ്പു പറഞ്ഞെന്നും മേലില്‍ ഇനിയൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുവെന്ന് റോസമ്മ വ്യക്തമാക്കി.

ഇതോടെ കള്ളനോട് റോസമ്മ ക്ഷമിക്കുകയായിരുന്നു. തെറ്റ് ഏറ്റു പറഞ്ഞ് മാപ്പു പറഞ്ഞയാളെ വീണ്ടും സമൂഹത്തിന് മുന്നില്‍ നാണം കെടുത്തുന്നത് ശരിയല്ലെന്നാണ് റോസമ്മ പറയുന്നത്. അതുകൊണ്ടുതന്നെ അയാളുടെ പേര് വെളിപ്പെടുത്തില്ലെന്നും റോസമ്മ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: