ജനിച്ചതിന് തൊട്ടുപിന്നാലെ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശുവിന് ഒരു മണിക്കൂറിന് ശേഷം പുനർജന്മം. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ചകിയ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി ജന്മം നൽകിയ പെൺകുഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചകിയയിലെ സന്ദീപ് കുമാറിൻറെ ഭാര്യ പ്രിയങ്ക കുമാരി പെൺ കുഞ്ഞിന് ജന്മം നൽകിയത്.
രാത്രിയിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഹോദരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സിസേറിയന് പറഞ്ഞിരുന്നെങ്കിലും സാധാരണ പ്രസവം മതിയെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. എന്നാൽ കുട്ടി പുറത്ത് വരുന്ന വേളയിൽ കുടുങ്ങി. തുടർന്ന് ഡോക്ടർമാർ കുട്ടിയെ ഒരു വിധത്തിൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു ഡോക്ടർമാർ ആദ്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഇതെ തുടർന്നാണ് കുട്ടിയുടെ കുടുംബം എസ്‌കെഎംസിഎച്ച് ഹോസ്പിറ്റലിലേക്ക് പോയത്. അവിടെ എത്തി പത്ത് മിനിറ്റിനുള്ളിൽ കുട്ടിക്ക് ജീവൻ തിരിച്ച് കിട്ടിയെന്ന് ലോക്കൽ 18 റിപ്പോർട്ട് ചെയ്യുന്നു.
പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഡോക്ടർമാർ മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിച്ചു. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ കുട്ടിക്ക് പൾസ് ഇല്ലെന്ന് കണ്ടെത്തി. ശരീരത്തിൽ രക്തയോട്ടത്തിൻറെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ, കുഞ്ഞ് മരിച്ചെന്ന് വിശ്വസിക്കാൻ യുവതിയും ബന്ധുക്കളും തയ്യാറായില്ല.
ഉടനെ തന്നെ ബന്ധുക്കൾ കുട്ടിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ ഹോസ്പിറ്റലിലെ മൂന്നോളം ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു. സിപിആർ നൽകിയതിന് പിന്നാലെ കുട്ടിയുടെ പൾസ് മിടിച്ച് തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെൻറിലേറ്ററിൻറെ സഹായമില്ലാതെയാണ് ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചതെന്നും സിപിആർ (Cardiopulmonary resuscitation) ൻറെ സഹായത്തോടെയാണ് കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.

