കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുമാണ് അമീറുൾ അപ്പീലിൽ ആവശ്യപ്പെടുന്നത്. പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവിക്കുക. അമീറുൾ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി ആദ്യം പരിഗണിയ്ക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോള്‍ സ്വദേശിനിയും നിയമവിദ്യാർത്ഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതി അമീറുൾ ഇസ്‌ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു

