Headlines

താരപ്രചാരകരുടെ വിവാദ പരാമർശങ്ങളിൽ നടപടി; നാവ് നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുടെ പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.

പെരുമാറ്റത്തിൽ മാന്യത പാലിക്കാൻ താര പ്രചാരകർക്ക് കഴിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനായി ആവശ്യമായ നിർദേശങ്ങൾ താര പ്രചാരകർക്ക് നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രസംഗങ്ങളിൽ താര പ്രചാരകർ ജാഗ്രത പുലർത്താൻ ഉതകുന്ന നിർദേശങ്ങൾ നൽകാൻ പാർട്ടി അധ്യക്ഷൻമാർ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പ്രതിപക്ഷ നേതാക്കൾ തുടർച്ചയായി വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഇത്.

മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദമായതിന് പുറമെ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് രാമക്ഷേത്രത്തിലേയ്ക്ക് ബുള്‍ഡോസര്‍ ഓടിക്കുമെന്ന് മോദി പറഞ്ഞതും വിവാദമായിരുന്നു. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ രാം ലല്ല ഒരിക്കല്‍ കൂടി ടെന്റിലേയ്ക്ക് മാറ്റപ്പെടും. രാമക്ഷേത്രത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഒടിച്ച് കയറ്റും എന്നായിരുന്നു മോദിയുടെ പ്രതികരണം.

ഇതിനിടെ കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നീക്കാന്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണ്ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലിലെ വിദ്വേഷ വീഡിയോ നീക്കാനാണ് നിര്‍ദേശം നല്‍കിയത്. 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: