അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്.
ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ആരോഗ്യം പഴയപടിയാവുന്നതുവരെ അദ്ദേഹത്തെ നിരീക്ഷണത്തിൽ വെയ്ക്കുകയായിരുന്നു. ഈസമയം, ആശുപത്രിയിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. സുഹൃത്തും നടിയുമായ ജൂഹി ചൗള ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷാരൂഖ് ഖാൻ്റെ ആരോഗ്യം സംബന്ധിച്ച് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.