കബോസു വിടപറഞ്ഞു; മീമുകളുടെ സ്വന്തം നായ ഇനി ഓർമ

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സിയായ ഡോഗ്കോയിനിന്‍റെ ലോഗോയിലൂടെയും മീമുകളിലൂടെയും പ്രശസ്തമായ നായ കബോസു വിടപറഞ്ഞു. രക്താര്‍ബുദം, കരള്‍ രോഗം നായയ്ക്ക് ഉണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കബോസുവിന്‍റെ ഉടമ അറ്റ്സുകോ സാറ്റോ വെള്ളിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 17 വയസായിരുന്നു കബോസുവിന്‍റെ പ്രായം.

‘ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓര്‍മ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്‌നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവള്‍. കബോസുവിന്റെ ആത്മാവിനെയും അവളുടെ കുടുംബത്തെയും എല്ലാവരും ഹൃദയത്തില്‍ സൂക്ഷിക്കുക’-ഡോഗ്കോയ്ന്‍ എക്‌സില്‍ കുറിച്ചു.

വര്‍ഷങ്ങളായി അസുഖബാധിതയായിരുന്നു. 2022-ൽ കബോസുവിന് ചോളൻജിയോഹെപ്പറ്റൈറ്റിസും ക്രോണിക് ലിംഫോമ ലുക്കീമിയയും സ്ഥിരീകരിച്ചിരുന്നു. കബോസുവിന്‍റെ അന്ത്യകര്‍മങ്ങള്‍ ജപ്പാനിലെ നാറസിറ്റിയില്‍ മേയ് 26 ന് നടക്കും.

ഒരു ഫോട്ടോയിലൂടെ ഡോഗ് മീമിന്‍റെ ഉത്ഭവത്തിന് കാരണമായ വൈറലായ ഷിബ ഇനു വിഭാഗത്തില്‍പ്പെട്ട നായയാണ് കബോസു. ജപ്പാനിലെ പ്രശസ്തമായ വേട്ടപ്പട്ടിയിനമാണു ഷിബ ഇനു. 2008 ലാണ് നിലവിലെ ഉടമയായ അറ്റ്സുകോ സാറ്റോ കബോസുവിനെ ദത്തെടുക്കുന്നത്. 2010 ല്‍ കബോസുവിന്‍റെ ഇളംചിരിയോടെയുള്ള ചിത്രം ഉടമ ബ്ലോഗ് പോസ്റ്റില്‍ പങ്കുവച്ചതിന് പിന്നാലെ റെഡ്ഡിറ്റിലും ടംബ്ലറിലും വൈറലായതോടെയാണ് നായ പ്രശസ്തയാകുന്നത്. ഈ വൈറല്‍ ചിത്രത്തെ റെഡ്ഡിറ്റില്‍ ഓരോ വിളിച്ച പേരാണ് ഡോഗ് (doge). ഇതിന് പിന്നാലെ ഈ നായയുടെ ചിത്രം ആസ്പദമാക്കിയാണ് ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നത്.

തമാശയ്ക്കായി രണ്ട് സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍മാര്‍ ആരംഭിച്ച ഡോഗ് കോയിന്‍റെ ആരംഭത്തിന് പിന്നിലും കബോസുവിന്‍റെ ചിത്രമായിരുന്നു. ഇന്ന് 23 മില്യണ്‍ ഡോളര്‍ മൂല്യവുമായി ലോകത്തെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ ക്രിസപ്റ്റോകറന്‍സിയാണിത്. ഷിബ ഇനു, ഫ്ലോകി തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളുടെ മുഖമുദ്രയും കബോസുവാണ്. ഈ വൈറല്‍ ചിത്രത്തിന്‍റെ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കം 4മില്യണ്‍ ഡോളറിനാണ് വിറ്റുപോയത്. 2017 ഏപ്രിൽ ഒന്നിനു കബോസോ ചത്തുപോയെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഈയിടെ ഏപ്രില്‍ നാലിനും ഡോഗ്കോയിന്‍ എക്സ് ഹാന്‍ഡിലില്‍ കബോസുവിന്‍റെ മരണ വാര്‍ത്ത നിഷേധിച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: