ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ‘ഹൃദയം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് പ്രണവ് കോമ്പോയില്‍ പുറത്തിറങ്ങിയ ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രം ജൂണ്‍ 7 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്നത്.
നിവിന്‍ പോളി തകര്‍ത്താടിയ ചിത്രത്തില്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിര്‍മ്മിച്ചത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് പ്രകടനത്തിന് പുറമേ മികച്ച പ്രേക്ഷക പ്രശംസയും നേടി.
തട്ടത്തിന്‍ മറയത്ത് (2012), ഹൃദയം (2022) തുടങ്ങിയ റൊമാന്റിക് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ പുതിയ ഒരു മേഖലയിലേക്കാണ് ചുവടുവച്ചത്. പതിവ് റൊമാന്റിക് ഫാമിലി പ്രമേയങ്ങളില്‍ നിന്നുള്ള വിനീതിന്റെ മാറ്റമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ വിനീതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

