Headlines

പ്രധാമന്ത്രിയായി വീണ്ടും നരേന്ദ്ര മോദി തന്നെ; സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എൻഡിഎ നേതാക്കളുടെ യോ​ഗത്തിന് തുടക്കം. യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായി അമിത് ഷായും നിതിൻ ഗഡ്കരിയും നിർദേശത്തെ പിന്തുണച്ചു. തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. കഴിഞ്ഞ മൂന്നുമാസമായി നരേന്ദ്ര മോദി വിശ്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്നും പറഞ്ഞു.

മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവിനെ കയ്യടിയോടെയാണ് അം​ഗങ്ങൾ വരവേറ്റത്. മോദി പാർലമെന്റിലേക്ക് കടക്കുന്ന വേളയിൽ ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും പാർലമെന്റിൽ മുഴങ്ങിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. ഭരണഘടനയെ കൈകളിലെടുത്ത് വണങ്ങിയ ശേഷമാണ് മോദി വേദിയിൽ ഉപവിഷ്ടനായത്. “മൂന്നാം വട്ടവും മോദി സർക്കാർ” എന്ന മുദ്രാവാക്യം പാർലമെന്റിൽ ഉയർന്നു. എൻഡിഎ സഖ്യകക്ഷികളാണ് മോദിക്കൊപ്പം വേദി പങ്കിട്ടത്. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും മോദിക്ക് സമീപം ഉപവിഷ്ടരാണ്.

സദസ്സിനെ ജെ.പി നദ്ദ അഭിസംബോധന ചെയ്ത ശേഷം മുതിർന്ന ബിജെപി നേതാവും രണ്ടാം മോദി സർക്കാരിലെ പ്രതിരോധ മന്ത്രിയുമായിരുന്ന രാജ്നാഥ് സിം​ഗ് യോ​ഗത്തിൽ സംസാരിച്ചു. നരേന്ദ്രമോദിയുടെ കാര്യക്ഷമതയും ദീർഘവീക്ഷണവും ഒരു മന്ത്രിസഭാംഗം എന്ന നിലയിൽ അനുഭവിച്ചറിഞ്ഞതാണ് താനെന്ന് രാജ്നാഥ് സിം​ഗ് ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ മോദിയുടെ സേവനം ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവനും പ്രശംസ പിടിച്ചുപറ്റി. മൂന്നാം തവണയും എൻഡിഎ സർക്കാർ വരുമ്പോൾ നേതാവാകാൻ ഏറ്റവും യോഗ്യൻ നരേന്ദ്രമോദി തന്നെയാണ്. 1962ന് ശേഷം ആദ്യമായാണ് ഒരേവ്യക്തി തന്നെ തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതെന്നും രാജ്നാഥ് സിം​ഗ് ചൂണ്ടിക്കാട്ടി.

ജനകീയനായ പ്രധാനമന്ത്രി തന്നെയാണ് നമുക്ക് ലഭിക്കാൻ പോകുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്‌ക്ക് ഉൾപ്പെടെ പുരോഗതിയുണ്ടായി. ശക്തവും അഭിമാനാവും സുരക്ഷിതവുമായ നേതൃത്വമാണ് നമുക്ക് ലഭിച്ചത്. രാജ്യം വികസിക്കുന്നതോടൊപ്പം ലോകത്തിന് മാതൃകയാകാനും പത്തു വർഷത്തിനിടെ ഭാരതത്തിന് കഴിഞ്ഞു. ഉത്തരവാദിത്വം നിറവേറ്റുന്നതിന് മോദിജിയേക്കാൾ യോഗ്യനായ മറ്റൊരാളില്ല. അതുകൊണ്ടുതന്നെ കക്ഷി നേതാവാകാൻ നരേന്ദ്രമോദിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ശേഷം സംസാരിച്ച അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിർദേശം പിന്താങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: