Headlines

മാജിക്കിലേക്ക് മടങ്ങിവരാൻ ഗോപിനാഥ് മുതുകാട്; തിരിച്ചെത്തുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: ഞൊടിയിടയിൽ മാജിക് കാണിച്ച് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിനാഥ് മുതുകാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താൻ ഒരുങ്ങുന്നു. മാജിക്കിലേക്ക് വീണ്ടും തിരികെയെത്തുമെന്ന് ഗോപിനാഥ് പ്രേക്ഷകരോട് അറിയിച്ചു. സുഹൃത്തും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗോപിനാഥ് മുതുകാട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാജിക്കിലേക്ക് തിരിച്ചെത്തുന്നത്.

മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യമാണിതെന്നും മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുകയാണെന്നും മുതുകാട് പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഎസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ് കഫേയുടെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ ബി ഗണേഷ് കുമാര്‍. അവിടെ വച്ചാണ് പ്രസംഗത്തിനിടെ മതുകാടിനോട് മാജിക്കിലേക്ക് തിരിച്ചുവരാന്‍ മന്ത്രി ആവശ്യപ്പെട്ടത്. തന്റെ സുഹൃത്ത് കൂടിയായ ഗണേഷ് കുമാര്‍ ഇക്കാര്യം സ്വകാര്യ സംഭാഷണത്തിലും ആവശ്യപ്പെടുകയുണ്ടായി. സാധിക്കുമെങ്കില്‍ ഈ വര്‍ഷം തന്നെ മാജിക് പുനരാംരഭിക്കാനുള്ള ആലോചനയിലാണ്. അതേസമയം പഴയ രീതിയില്‍ നിന്ന് മാറി സാമൂഹിക പ്രതിബദ്ധതയുള്ള മാജിക് പരിപാടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

2021 നവംബറിലാണ് ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക് രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. പ്രൊഫഷണല്‍ മാജിക് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ഗോപിനാഥ് മുതുകാട് ശേഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരത്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡിഎസി) എന്ന പേരിലും മാജിക് പ്ലാനറ്റ് എന്ന പേരിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ തുടങ്ങി. ഇവിടുത്തെ കുട്ടികള്‍ക്ക് മാജിക് പഠിപ്പിക്കുന്നതിനൊപ്പം ഷോകള്‍ ചെയ്യാനും മുതുകാട് അവസരം നല്‍കി. അക്കാദമിയില്‍ കുട്ടികള്‍ തന്നെ അതിഥികള്‍ക്ക് മുന്നില്‍ പരിപാടികളും അവതരിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: