കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകിയത് വലതുപക്ഷമെന്ന് സിപിഐ നേതവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ. തൃണമൂൽ കോൺഗ്രസും ബിജു ജനതാദളുമാണ് സ്ഥാനാർത്ഥികളായി കൂടുതൽ സ്ത്രീകളെ പരിഗണിച്ചതെന്ന് ആനി രാജ ചൂണ്ടിക്കാട്ടി. മറ്റു പാർട്ടികൾ ഇത് മാതൃകയാക്കണമെന്നും സ്ത്രീവോട്ടവകാശ സമരപ്പോരാളി എമിലി ഡേവിസൺ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആനി രാജ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ത്രീകൾക്കായി മാറ്റിവെച്ച സീറ്റുകൾ പെൺമെമ്മോറിയലിന്റെ പ്രതിഫലനമായി കാണുന്നു. ഒരു ലക്ഷം സ്ത്രീകൾ ഒപ്പു വച്ച മെമ്മോറാണ്ടമാണ് പെൺമെമ്മോറിയൽ. രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തമാകണമെന്നും അവർ കൂട്ടിച്ചേർത്തു.
തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് കൈരളി-ശ്രീ വേദി ഓഡിറ്റോറിയത്തിൽ എമിലി ഡേവിസൺ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്. ഡോ. മാളവിക ബിന്നി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷതവഹിച്ചു. എം. സുൽഫത്ത്, കെ. അജിത, ഡോ. കെ.എസ്. മാധവൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. പി. ഗീത, വൈഗ സുബ്രഹ്മണ്യൻ, ഗ്രോ വാസു, കെ. അമ്മിണി എന്നിവർ സംസാരിച്ചു

