‘നയിക്കാൻ നായകൻ വരട്ടെ’; കെ മുരളീധരന് വേണ്ടി തലസ്ഥാനത്ത് പോസ്റ്റർ



തിരുവനന്തപുരം: തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റർ ക്യാംപയിൻ. കെപിസിസി – ഡിസിസി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മുരളീധരൻ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം.
തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുരളീധരനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്നാണ് സൂചന. മുരളീധരൻ ഇന്ന് ഡൽഹിക്ക് പോകും. എന്നാൽ എംപി ക്വാർട്ടേഴ്സ് ഒഴിയാൻ എന്നാണ് യാത്രയെ കുറിച്ച് നൽകുന്ന വിശദീകരണം. നേതൃത്വത്തെ കാണുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിക്കുന്നു.
ഇതിനിടെ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ച പശ്ചാത്തലത്തിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളാനാകില്ലെന്നാണ് നിയുക്ത എംപി വികെ ശ്രീകണ്ഠൻ്റെ പ്രതികരണം പുറത്തുവന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കരുത്തനും ഊർജ്ജസ്വലനുമായ സ്ഥാനാർത്ഥി വന്നാൽ പാലക്കാട് ജയിക്കുമെന്നും മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകണ്ഠൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ. മുരളീധരനുമായി ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് പിന്നാലെയാണ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസിയുടെ ചുമതല കെപിസിസി വികെ ശ്രീകണ്ഠനെ ഏൽപ്പിച്ചിരുന്നു. പിന്നെയാണ് മുരളീധരന്റെ കോഴിക്കോട്ടെ വസതിയിലെത്തിയുള്ള കൂടിക്കാഴ്ച. പൊതു തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരൻ വീണ്ടും വട്ടിയൂര്‍ക്കാവിലേക്കെത്താനുള്ള സാധ്യതയും വിരളമല്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: