പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍’; പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്


തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടി.കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഐഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു ജയരാജന്റെ വെല്ലുവിളി.”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്”, എന്നായിരുന്നു ജയരാജന്റെ പ്രതികരണം.ഇതിന് പിന്നാലെ എംവി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: