ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ സുപ്രധാന നീക്കവുമായി ശിവസേന. എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി ( ടിഡിപി) സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്താമെന്നും റാവത്ത് അറിയിച്ചു.
ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ടിഡിപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കും.
അതേസമയം സ്പീക്കര്‍ പദവിയില്‍ ബിജെപിയാണ് വിജയിക്കുന്നതെങ്കില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് വെല്ലുവിളിയാണ്. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു, ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി, ജയന്ത് ചൗധരിയുടെ പാര്‍ട്ടി തുടങ്ങിയവയില്‍ നിന്നും എംപിമാരെ അടര്‍ത്തി മാറ്റി ബിജെപി തങ്ങളോടൊപ്പം ചേര്‍ക്കാന്‍ സാധ്യതയുണ്ട്. പിന്തുണയ്ക്കുന്നവരെ ബിജെപി വഞ്ചിക്കുമെന്നത് തങ്ങള്‍ക്ക് അനുഭവമുള്ളതാണെന്നും ശിവസേന നേതാവ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്ഥിരതയുള്ള ഭരണമല്ല. എന്‍ഡിഎയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ജൂണ്‍ 26 നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാറിന്റെ ജെഡിയു തീരുമാനമെടുത്തപ്പോള്‍, എല്ലാവരുടെയും അംഗീകാരം തേടിവേണം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനെന്നാണ് ടിഡിപിയുടെ നിലപാട്. സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ സഖ്യകക്ഷികള്‍ യോജിച്ചു തീരുമാനിക്കുമെന്ന് ടിഡിപി വക്താവ് പട്ടാഭിരാം കൊമ്മറെഡ്ഡി പറഞ്ഞു.

