കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബർ ക്യാമ്പിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് ഭരണകൂടം പന്ത്രണ്ടര ലക്ഷം രൂപ സഹായധനമായി നൽകും. രാജ്യത്ത് ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങൾ അൽ ഖബാസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈറ്റ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻബിടിസി കമ്പനി മാനേജ്മെന്റ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എൻബിടിസി സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇൻഷുറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി ഉൾപ്പെടെ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചു

