ഐസ്ക്രീമില്‍ നിന്ന് കിട്ടിയ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്‍റേത്; സ്ഥിരീകരിക്കാൻ ഡിഎന്‍എ പരിശോധന നടത്താൻ പോലീസ്



മുംബൈ: ഐസ്ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ച സംഭവത്തില്‍ നിര്‍ണായക വിവരവുമായി പൊലീസ്. യുവ ഡോക്ടര്‍ക്ക് കിട്ടിയ വിരൽ ‘യമ്മോ’ ഐസ്ക്രീമിന്റെ പുണെ ഫാക്ടറിയിലെ ജീവനക്കാരന്‍റേതെന്നാണ് പൊലീസിന്റെ നിഗമനം. ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ജീവനക്കാരന്റെ വിരല്‍ നഷ്ടപ്പെട്ടത്. ഐസ്‌ക്രീം നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ഡിഎന്‍എ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കുളള സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍ നടപടികളുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവ ഡോക്ടറാണ് രംഗത്ത് എത്തിയത്. ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില്‍ തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു. ഉടന്‍ തന്ന വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് യുവ ഡോക്ടർ പറഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: