കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകും; വകുപ്പുകളിലും മാറ്റം



തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.

സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളത്. കെ രാധാകൃഷ്ണന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ചേലക്കര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ചേലക്കരയില്‍ നിന്നും ഒരു തവണ പ്രദീപ് നിയമസഭാംഗമായിട്ടുണ്ട്. യു ആര്‍ പ്രദീപ് നിലവില്‍ എസ് സി-എസ് ടി കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്.

വയനാട് ജില്ലയിൽനിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവായിരുന്നു ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയരമാൻ കൂടിയാണ്.രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: