തിരുവനന്തപുരം: എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇനി കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും വൈകുന്നേരത്തോടെ ആശങ്കകൾ പരിഹരിക്കുമെന്നും അനിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമായിരിക്കും കോട്ടയത്ത് കിറ്റ് നൽകുന്നതെന്നും ജി ആർ അനിൽ വ്യക്തമാക്കി.
അവസാന ദിവസം ഓണകിറ്റ് വിതരണം ഊർജിതമാക്കിയ മന്ത്രി അറിയിച്ചു. 3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182 കിറ്റുകളാണ്. ഞായറാഴ്ച വരെ വിതരണം ചെയ്തത് 2,59,000 ത്തോളം കിറ്റുകളാണ്. ഇന്ന് രണ്ട് മണിക്കൂറിനിടെ വിതരണം ചെയ്തത് 60,000 ത്തിലേറെ കിറ്റുകളാണെന്നും മന്ത്രി വ്യക്തമാക്കി.
മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും ഉള്ള ഓണക്കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ പുതുപ്പള്ളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണക്കിറ്റ് വിതരണം നിർത്തിവെച്ചുകൊണ്ടുളള കമ്മീഷന്റെ നടപടി
