താമിർജിഫ്രിയുടെ മരണം: പോലീസിന്റെ മർദ്ദനത്തെ തുടർന്നാണെന്ന് എയിംസ്റിപ്പോർട്ട്‌




മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സര്‍ജന്റെ കുറിപ്പുകളും ഡിജിറ്റല്‍ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ഫോറന്‍സിക് സര്‍ജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും മര്‍ദനം മരണത്തിലേക്ക് നയിച്ചെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലുകളാണ് എയിംസ് വിദഗ്ധ സംഘവും ശരിവച്ചിരിക്കുന്നത്. നേരത്തേ, താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പോലിസുകാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മര്‍ദനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാന്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. താമിറിന്റെ ആന്തരികായവയവങ്ങളില്‍ ലഹരി മരുന്നിന്റെ അംശങ്ങള്‍ കണ്ടെത്തിയെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. പോലിസ് ഉന്നതരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചായിരിക്കും സിബിഐ അന്വേഷണം. മറ്റൊരു സബ് ഡിവിഷനല്‍ പരിധിയില്‍ നിന്നാണ് ഡാന്‍സാഫ് സംഘം താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ അനുമതിയില്ലാതെ കഴിയില്ലെന്നാണ് സിബിഐയുടെ നിഗമനം. 2023 ആഗസ്ത് ഒന്നിനാണ് പോലിസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: