തിരുവനന്തപുരം: ഭർത്താവ് കൈക്കുഞ്ഞുമായി കടന്നു കളഞ്ഞെന്ന പരാതിയുമായി യുവതി. തിരൂരങ്ങാടി പുത്തനങ്ങാടി പതിനാറുങ്ങൽ സ്വദേശി സൽമ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ജൂൺ 25ന് ഭർത്താവ് മുഹമ്മദ് സഫീർ ഒരു വയസ്സും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുമായി കല്ല്യാണത്തിനെന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് സല്മയുടെ പരാതി.
കുഞ്ഞിന്‍റെ ശരീരത്തിൽ നാല് പവനോളം സ്വർണാഭരണം ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവ ദിവസം തന്നെ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുഞ്ഞിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.
മനുഷ്യാവകാശ സംഘടനയായ സൊസൈറ്റി ഫോർ പ്യൂപ്ൾസ് റൈറ്റ്സ് (എസ്.എഫ്.പി.ആർ) സംസ്ഥാന സെക്രട്ടറി വേണു ഹരിദാസിന്‍റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. എം.എൽ.എമാരായ കെ.പി.എ. മജീദ്, ചാണ്ടി ഉമ്മൻ എന്നിവരോടും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി. മൊയ്തീൻകുട്ടി, തിരൂരങ്ങാടി താലൂക്ക് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി എനിവരും സന്നിഹിതരായിരുന്നു.

