Headlines

നെല്ല് സംഭരണം: ബാങ്കിംഗ് കൺസോർഷ്യവുമായി 400 കോടി രൂപ ലഭ്യമാക്കാൻ ധാരണയായി

2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിരുന്നു. മെയ് 15 വരെ പി.ആർ.എസ് നല്കിയ നെല്ലിന്റെ വില കർഷകർക്ക് നിലവിൽ വിതരണം ചെയ്തുവരികയാണ്. മെയ് 15 ന് ശേഷം ശേഖരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനാവശ്യമായ 400 കോടി രൂപ കൂടി അനുവദിക്കുന്നതിന് എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടുന്ന ബാങ്കിംഗ് കൺസോർഷ്യവുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനമാവുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്കിംഗ് കൺസോർഷ്യവുമായി 14ന് ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
2022-23 സീസണിൽ 2,49,224 കർഷകരിൽ നിന്നും 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 2060 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ ഈ മാർച്ച് 31 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് 740.38 കോടി രൂപ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആർ.എസ് വായ്പയായും നല്കി. മാർച്ച് 29 മുതൽ മെയ് 15 വരെ പേ ഓർഡർ നല്കിയ 55,716 കർഷകർക്ക് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് എടുത്തിട്ടുള്ള 700 കോടി രൂപ വായ്പയിൽ നിന്ന് 588.26 കോടി രൂപ വിതരണം ചെയ്തു. ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 700 കോടി രൂപ ഉൾപ്പെടെ വിതരണം ചെയ്തു കഴിയുമ്പോൾ 1634.57 കോടി രൂപ കർഷകർക്ക് ലഭിക്കും. ധാരാണാപത്രം ഒപ്പുവച്ച ശേഷം തുക കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സപ്ലൈകോ സി.എം.ഡി.യ്ക്ക് നിർദ്ദേശം നല്കിയതായി മന്ത്രി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: