കളമശേരിയിൽ ജയസൂര്യ നടത്തിയത് ആസൂത്രിത പരാമർശം; തിരക്കഥ പൊളിഞ്ഞു പോയെന്നും കൃഷി മന്ത്രി

കൊച്ചി: കളമശേരിയിലെ പരിപാടിയിൽ നടൻ ജയസൂര്യ നടത്തിയത് ആസൂത്രിത പരാമർശമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. എന്നാൽ പൊതുവായ പ്രശ്നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞു പോയെന്നു മന്ത്രി പറഞ്ഞു.

‘‘ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ അദ്ദേഹം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവയ്ക്കേണ്ടത്. അതു കേവലമായൊരു നാട്യം മാത്രമായിപ്പോയി എന്നാണ് ഇപ്പോൾ പറയാനാകുക.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിക്കൊപ്പം എന്ന പരിപാടി കളമശേരിയിൽ വളരെ വിജയകരമായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലേക്കാണ് ജയസൂര്യയെ ക്ഷണിച്ചത്. അത്തരമൊരിടത്തേക്ക് പ്രത്യേകം തയാറാക്കിയ ഒരു കാര്യം കൊണ്ടുവരുമ്പോൾ അതിൽ അജൻ‍ഡയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഒന്നിച്ചിരിക്കുമ്പോൾ പറഞ്ഞുകൂടായിരുന്നോ എന്ന് ചിന്തിക്കാമെന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.

ഒരു വ്യക്തിയുടെ കാര്യമാണെങ്കിൽ നിവേദനം നൽകാവുന്നതാണ്. എന്നാൽ പൊതുവായ പ്രശ്നമെന്ന രീതിയിലാണ് ജയസൂര്യ പറഞ്ഞത്. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നു. നല്ല തിരക്കഥയായിരുന്നു. എന്നാൽ യാഥാർഥ്യങ്ങളുടെ മുന്നിൽ അതു പൊളിഞ്ഞുപോയി. അത്തരം തിരക്കഥയ്ക്കു പിന്നിൽ ജയസൂര്യയേപ്പോലുള്ളവർ ആടരുതെന്നാണ് പറയാനുള്ളത്. പറഞ്ഞതിൽ, മുഴുവൻ കാര്യങ്ങളും ശരിയല്ലെന്ന് ജയസൂര്യയോട് വേദിയിൽവച്ചുതന്നെ പറഞ്ഞു. കൃഷി ചെയ്ത് ആർക്കും ജീവിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ കൃഷിയിൽനിന്ന് കിട്ടിയ വരുമാനമുപയോഗിച്ച് ആഡംബര കാർ വാങ്ങിയ ചെറുപ്പക്കാരൻ കളമശേരിയിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അത്തരം കാര്യങ്ങൾ അദ്ദേഹം കാണുന്നില്ല.’’ –മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: