ധാക്ക: ബംഗ്ലാദേശില്‍ ജോലി സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കലാപമായി. സംഘര്‍ഷങ്ങളില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥി പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടല്‍. വ്യാഴാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അതിരൂക്ഷമായ തെരുവുയുദ്ധമാണ് നടന്നത്.
നൂറുകണക്കിന് സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രകോപിതരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. പൊലീസ് പോസ്റ്റുകള്‍ അഗ്നിക്കിരയാക്കി. ദേശീയ ടെലിവിഷന്‍ ചാനലിന്റെ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു. ചാനലിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷേഖ് ഹസീന അക്രമത്തില്‍ നിന്നും പിന്തിരിയാനും ശാന്തരാകാനും ആവശ്യപ്പെട്ടിരുന്നു.

ഭരണകക്ഷിയായ അവാമിലീഗിന്റെ നിരവധി ഓഫീസുകള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. അവാമി ലീഗിനെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ജോലി സംവരണം തുടരുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിവേചനപൂര്‍ണമായ ഈ സമ്പ്രദായം പിന്‍വലിക്കണമെന്നും, പകരം മെറിറ്റിന്റെ അടിസ്ഥാനത്തിലാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അക്രമം രൂക്ഷമായതോടെ ഇന്റര്‍നെറ്റും മൊബൈല്‍ കണക്ടിവിറ്റിയും പലയിടത്തും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രക്ഷോഭത്തെത്തുടർന്ന് ധാക്ക സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു. കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും, സുപ്രീം കോടതിയുടെ തീരുമാനം വരും വരെ കാത്തിരിക്കണമെന്നും സർക്കാർ സമരക്കാരോട് അഭ്യർത്ഥിച്ചു. എന്നാൽ സർക്കാർ നിലപാട് സ്വീകരിക്കാൻ സമരക്കാർ തയ്യാറായിട്ടില്ല.
വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നതിനാൽ ബംഗ്ലാദേശിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യ പൗരന്മാർക്ക് നിർദേശം നൽകി. അവിടെ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. അക്രമം ഒരിക്കലും പരിഹാരമാകില്ലെന്നും, എല്ലാവരും സംയമനം പാലിക്കാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. എല്ലാ അക്രമ പ്രവർത്തനങ്ങളും അന്വേഷിക്കാനും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

