Headlines

ദേവദൂതന് പിന്നാലെ മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു; തീയതി പങ്കുവെച്ച് ശോഭന



പഴയകാല ചിത്രം ദേവദൂതന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു.  ഓഗസ്റ്റ് 17 ന് ചിത്രം തിയേറ്ററില്‍ എത്തും. ചിത്രത്തിൽ നാഗവല്ലിയായി വേഷമിട്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്.
1993-ൽ മധു മുട്ടം തിരക്കഥ രചിച്ച് ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചലചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍, ശ്രീധര്‍, രുദ്ര തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.
1993-ലെ ഏറ്റവും മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. മോഹന്‍ലാല്‍ ഡോക്ടര്‍ സണ്ണിയായി എത്തിയപ്പോള്‍, നകുലന്‍ എന്ന സുഹൃത്തായി സുരേഷ് ഗോപിയും ഗംഗയായും നാഗവല്ലിയായും ശോഭനയും സ്‌ക്രീനില്‍ നിറഞ്ഞാടി.
ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് വലിയ ദൃശ്യ, ശ്രവ്യ വിസ്മയമാവും സിനിമ സമ്മാനിക്കുക. ഡോള്‍ബി അറ്റ്‌മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് മണിച്ചിത്രത്താഴ് വീണ്ടും റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ റിലീസ് ചെയ്ത ശേഷം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: