നിരാശ നല്‍കുന്ന ബജറ്റെന്ന് മന്ത്രി; ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍



തിരുവനന്തപുരം: രാജ്യത്തിന് അങ്ങേയറ്റം നിരാശ നല്‍കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല. മറിച്ച് സ്വന്തം മുന്നണി നിലനിര്‍ത്താന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച ബജറ്റാണിതെന്നും മന്ത്രി വിമര്‍ശിച്ചു.
‘മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. സ്വന്തം മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാക്കേജുകള്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല.’ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം ആവശ്യപ്പെട്ടത്. അതും നല്‍കിയില്ല. വിഴിഞ്ഞം പോര്‍ട്ടിന് ഒരു രൂപ പോലുമില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വികസന ഭാരതത്തിലേക്ക് നയിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ എന്‍ ബാലഗോപാലിന്റെ വിമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബാലിശമായ വിമര്‍ശങ്ങളാണ് ഉയര്‍ത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തെ മാത്രമല്ല. ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല. മന്ത്രി വസ്തുതകളാണ് പറയേണ്ടത്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബജറ്റിനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനവും സുരേന്ദ്രന്‍ തള്ളി. കേരളം മറ്റൊരു രാജ്യമാവാന്‍ ആഗ്രഹിക്കുന്നയാളാണ് മുഹമ്മദ് റിയാസ്. റിയാസിന്റെ ഉള്ളിലിരിപ്പാണ് പ്രസ്താവനയായി പ്രതിഫലിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: