പാരീസ് ഒളിംപിക്സിന് തിരിതെളിഞ്ഞു; സെയ്ൻ നദിയിൽ നടന്നത് കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ

പാരീസ്: 2024 ഒളിംപിക്സിന് തിരിതെളിഞ്ഞു. പാരീസിലെ സെയ്ൻ നദിയിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കി ഒളിംപിക് ദീപശിഖയെ പാരീസ് സ്വീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിയും ജൂഡോ താരം ടെഡ്ഡി റിനറിയും ചേർന്നാണ് ഒളിംപിക് ദീപം തെളിയിച്ചത്.


കായിക ലോകത്തെ വിസ്മയിപ്പിച്ചു സെൻ നദിയിലൂടെ 80 ബോട്ടുകളിലായിരുന്നു കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ്. മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. തൊട്ടുപിന്നാലെ അഭയാർഥികളുടെ സംഘമെത്തി. ബാഡ്മിന്റൺ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാർച്ച് പാസ്റ്റിൽ പതാകയേന്തിയത്.12 വിഭാഗങ്ങളിൽ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ൻ നദിയിലൂടെ കടന്നുപോയത്.

അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനവും ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് മാറ്റേകി. വിവിധ രാജ്യങ്ങളുടെ സംഘങ്ങൾ സെൻ നദിയിലൂടെ പ്രവേശിക്കുന്നതിനിടെയായിരുന്നു ലേഡി ഗാഗ പ്രത്യേകം തയാറാക്കിയ സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സെൻ നദിയുടെ തീരത്ത് നർത്തകർക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഫ്രാൻസിലെ പ്രശസ്തമായ ‘ദ് കാൻ കാൻ’ കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരൻമാരുമെത്തി.

ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ഫ്രാൻസിലെ 10 ചരിത്ര വനിതകൾക്ക് ഫ്രാൻസ് ആദരമർപ്പിച്ചു. ഒലിംപെ ഡെ ഗോസ്, അലിസ് മിലിയറ്റ്, ഗിസെൽ ഹലിമി, സിമോൺ ഡെ ബ്യുവോർ, പൗലിറ്റ് നർഡാൽ, ജീൻ‍ ബാരറ്റ്, ലൂയിസ് മിച്ചൽ, ക്രിസ്റ്റിൻ ഡെ പിസാൻ, അലിസ് ഗയ്, സിമോൺ വെയ്ൽ എന്നിവരുടെ പ്രതിമകൾ സെൻ നദീതീരത്ത് ഉയർന്നുവന്നു. ഗ്രാൻഡ് പാലസിന്റെ മേൽക്കൂരയ്ക്കു മുകളിൽനിന്നാണ് ഗായിക അക്സെൽ‍ സെന്റ് സിറൽ ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിച്ചത്. ഉദ്ഘാടനച്ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെൻ നദിയുടെ വശങ്ങളിൽ കാത്തുനിന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരയിലും നദിയോരത്തുമുള്ള കലാപ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങുകൾ വേറിട്ടതാക്കി.

ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ അവസാനിച്ച മാർച്ച് പാസ്റ്റിൽ ഏറ്റവും ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാൻസാണ്. സെൻ നദിയിലൂടെ യന്ത്രക്കുതിരയിൽ കുതിച്ചുപാഞ്ഞ ഒരു ജെൻഡാർമെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒളിംപിക്സ് പ്രഖ്യാപനം നടത്തി. ഒളിംപിക് ഗീതത്തിനു ശേഷം ദീപശിഖ ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരം സിനദിൻ സിദാന് കൈമാറി. സിദാൻ അതു ഫ്രഞ്ച് ഓപ്പണിൽ 16 തവണ വിജയിയായ ടെന്നിസ് താരം റാഫേൽ നദാലിനു നൽകി. പ്രത്യേകം തയാറാക്കിയ ബോട്ടിൽ ദീപശിഖയുമായി നദാൽ യാത്ര തുടങ്ങി. ബോട്ടിൽ വച്ച് യുഎസ് ടെന്നിസ് താരം സെറീന വില്യംസിനും തുടർന്ന് കാൾ ലൂയിസ്, നാദിയ കൊമനേച്ചി എന്നിവർക്കും ദീപശിഖ നൽകി. ഏതാനും നിമിഷം സെൻ നദിയിൽ സഞ്ചരിച്ച സംഘം, ഫ്രാൻസിന്റെ മുൻ വനിതാ ടെന്നിസ് താരം അമെലി മൗറെസ്മോയ്ക്കു ദീപശിഖ പകർന്നു നൽകി.

അവിടെനിന്ന് ദീപം ഏറ്റെടുത്തത് ഫ്രഞ്ച് ബാസ്കറ്റ് ബോൾ ഇതിഹാസം ടോണി പാർക്കർ. ഒളിംപിക്, പാരലിംപിക് താരങ്ങൾക്ക് അതിവേഗം കൈമാറിയ ദീപശിഖ ഒടുവിൽ ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിന്റേയും ജൂഡോ താരം ടെഡ്ഡി റിനറിന്റെയും കൈകളിൽ. ഇരുവരും ചേർന്ന് ഏഴു മീറ്റർ വീതിയുള്ള ഒളിംപിക് ദീപത്തിനു തീ പകർന്നു. തുടർന്ന് എയർ ബലൂണിന്റെ സഹായത്തോടെ ഒളിംപിക് ദീപം 30 മീറ്ററോളം മുകളിലേക്ക് ഉയർന്നു.


 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: