തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്പോസ്റ്റിൽ കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിൽ. കുണ്ടമൺ കടവ് സ്വദേശി 30 വയസുള്ള ആദിത് കൃഷ്ണയാണ് പിടിയിലായത്. ഇയാളിൽ നിന്നും 3.475 കിലോഗ്രാം കഞ്ചാവ് പിടികൂടി. അന്തർസംസ്ഥാന ബസിൽ വരുമ്പോഴായിരുന്നു
ചെക്പോസ്റ്റിൽ വച്ച് ആദിത് കൃഷ്ണയ്ക്ക് പിടിവീണത്.
എക്സൈസ് ഇൻസ്‌പെക്ടർ വിപിൻ കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡി സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ ബിജു ഡി ടി, സിഇഒമാരായ അനീഷ് എസ് എസ്, ഹരികൃഷ്ണൻ ആർ വി, ഡബ്ല്യുസിഇഒ ഷാനിമോൾ എന്നിവർ ഉണ്ടായിരുന്നു.
ഇതിനിടെ കായംകുളത്ത് 350 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും പിടികൂടിയിരുന്നു. പ്രതി പത്തിയൂർ തോണ്ട് തറയിൽ വീട്ടിൽ സാം എന്നയാൾ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെട്ടു. മൊബൈൽ ഫോണും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന അര ലിറ്റർ ചാരായവും ഉപേക്ഷിച്ചിട്ടാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ വീടിന് കിഴക്ക് വശത്തുള്ള പുഞ്ചയ്ക്കരികിൽ പായൽ പോളകൾക്കടിയിൽ ഒളിപ്പിച്ചിരുന്ന 350 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും കണ്ടെടുക്കുകയായിരുന്നു. ചെളിയും ആഴവുമുള്ള വെള്ളക്കെട്ടിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായാണ് പരിശോധന നടത്തിയത്. സാമിനെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

