Headlines

ആധാരത്തിൽ ഇനി ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും; അയൽവാസികൾ തമ്മിൽ ഇനി അതിർത്തി തർക്കമില്ല

തിരുവനന്തപുരം: ഡിജിറ്റൽ സർവെ പൂർത്തിയാകുന്നതോടെ കേരളത്തിൽ നിന്നും ഇല്ലാതാകുക അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന ജില്ലകളിൽ ഓരോ ഭൂ ഉടമയുടെയും കൈവശമുളള ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. റവന്യുരേഖകളിലും ഈ ചിത്രമുണ്ടാകും. ഡിജിറ്റൽ സർവേ പൂർത്തിയായ കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതനുസരിച്ച് മറ്റു സ്ഥലങ്ങളിലെ ആധാരങ്ങളിലും ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ചേർക്കും.


നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ ആവശ്യമെങ്കിൽ വസ്തുവിന്റെ ചിത്രം വരച്ചുചേർക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമാകണമെന്നില്ല. പുതിയരീതി വരുന്നതോടെ ഭൂമിയുടെ ശരിയായ അതിരും രൂപവും പുതിയ ആധാരങ്ങളിലും മറ്റുരേഖകളിലുമാകും. ആധാരം നടക്കുന്നദിവസംതന്നെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ. അതിനും ഭൂരേഖ കൃത്യമാക്കാനും ഡിജിറ്റൽ ചിത്രം സഹായകരമാകും.

ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂമിയുടെ ഉടമകൾക്ക് പരിശോധിക്കാനും തെറ്റുതിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ പിന്നീട് പരാതികളുമുണ്ടാകില്ല. റവന്യുവകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽവരുന്ന കരടുരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻപേരിലും എത്തിക്കാൻ റവന്യു-തദ്ദേശ വകുപ്പുകൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവേ അതിരടയാളനിയമത്തിലെ വിജ്ഞാപനത്തിൽ പരാതിയുണ്ടെങ്കിൽ എന്റെ ഭൂമി പോർട്ടൽവഴി ഉന്നയിക്കാം. ഡിജിറ്റൽ സർവേ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തൽ തുടങ്ങിയവയ്ക്ക് പഞ്ചായത്തുകളിൽ സർവേ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: