ലഖ്‌നൗ: ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു അധ്യാപിക ആണ് ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങിയത്. കൂടാതെ സ്കൂൾ കുട്ടികൾ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ അധ്യാപികയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. സംഭവം ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നു കാണിക്കുകയാണ് എന്നാണ് പരക്കെ വിമർശനം ഉയര്‍ന്നത്.
സംഭവം നടന്ന സ്‌കൂൾ സർക്കാർ സ്‌കൂളാണെന്ന് റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി സന്ദീപ് സിംഗ് താമസിക്കുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മന്ത്രി ഉൾപ്പെടുന്ന സ്ഥലത്ത് നിന്ന് സർക്കാർ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമാണ്

