ഭുവനേശ്വർ: പെൺകുഞ്ഞിനു ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഭുവനേശ്വറിലെ ഘടികിയ സ്വദേശിയായ സഞ്ജീഷ് ദാസ് എന്നയാൾക്കാണ് ഒഡിഷ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതും യുവതിയെ കുത്തികൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതും.
2022 ജൂൺ ഒൻപതിനാണ് സഞ്ജീഷ് ദാസ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. 33 തവണ ഇയാൾ ഭാര്യയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
ആറ് വയസുള്ള മൂത്ത പെൺകുട്ടിയെയും ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കേസിലെ പ്രധാന സാക്ഷിയും ഈ കുട്ടിയാണ്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പരിഗണിച്ചാണ് ജഡ്ജി ബന്ദന കർ മരണം വരെ തൂക്കിലേറ്റാൻ ശിക്ഷ വിധിച്ചത്.

