തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ശുപാര്‍ശ. സ്‌കൂള്‍ കലോല്‍സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോല്‍സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപോര്‍ട്ടില്‍ പറയുന്നു ജില്ലാതലത്തോടെ മല്‍സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കലോല്‍സവത്തെ മല്‍സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രോല്‍സാഹനം നല്‍കണം. അത് ഇന്ന് നല്‍കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

