കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ മുതിർന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിലെ വീട്ടിൽ രാവിലെ 9.30ഓടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.
രണ്ട് തവണയായി 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 1966ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. 1968ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ൽ സി.പി.എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ. 1985ൽ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
1977ൽ പശ്ചിമ ബംഗാളിൽ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് മന്ത്രിയായിരുന്നു. 1987-ൽ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫയേഴ്സ്‌സ് മന്ത്രിയായി. തുടർന്ന് 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999ൽ ഉപ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.

