Headlines

എസ്എസ്എൽസി പരീക്ഷയുടെ ഗ്രേഡ് മാത്രമല്ല, മാർക്കും ഇനി അറിയാം; ഉത്തരവ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഇനി അറിയാൻ സാധിക്കും. പക്ഷെ ഇത് പരീക്ഷാ ഫലത്തിനൊപ്പം ലഭിക്കില്ല. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.


എസ്എസ്എൽസി പരീക്ഷക്ക് ശേഷം മാർക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് സർക്കാരിനെ സമീപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം ലഭ്യമാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

മാർക്ക് വിവരം നേരിട്ട് നൽകണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനാണ് പരീക്ഷാ കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: