Headlines

പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസിൽ

പാരീസ്: പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപന ചടങ്ങുകൾ. രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടിയിൽ സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും അരങ്ങേറി. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി.

ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയാണു പരിപാടികൾക്കു തുടക്കമായത്. റാന്തലിൽ ദീപവും കയ്യിലേന്തിയായിരുന്നു താരത്തിന്റെ വരവ്. വിവിധ രാജ്യങ്ങളുടെ പതാകകളുമായി അത്‍ലീറ്റുകൾ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചു. വനിതാ മാരത്തണിൽ വിജയിച്ച സിഫാൻ ഹസൻ (സ്വർണം), അസഫ ടിസ്റ്റ് (വെള്ളി), ഒബിരി ഹെലൻ (വെങ്കലം) എന്നിവർക്ക് വേദിയിൽവച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകൾ നൽകി. വനിതാ മാരത്തൺ വിജയികൾക്കുള്ള മെഡൽ സമർപ്പണച്ചടങ്ങ് സമാപനത്തിന്റെ ഭാഗമായിട്ടാണു പരമ്പരാഗതമായി നടക്കുന്നത്.

സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രാൻസിലെ ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000 ൽ അധികം വരുന്ന ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്. ഒളിംപിക്സിന്റെ അടുത്ത ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിംപിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്. അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028ലാണ് ലോസ് ആഞ്ജലീസ് നഗരം അടുത്ത ഒളിംപിക്സിനു വേദിയാവുക.

തുടർന്ന് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് ഒളിംപിക് ദീപം സ്റ്റേഡിയത്തിലെത്തിച്ചു. ഐഒസി പ്രസിഡന്റ് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. 16 ദിവസം നീണ്ട കായികമാമാങ്കത്തിൽ 126 മെഡലുകൾ നേടി യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോൾ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: