ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത് . ചിറയിൻകീഴ് അഴൂർ ശാസ്‌തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ് (35) കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി(30) ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്.
ചെമ്പ് – വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണം പൂശി സ്വർണ്ണാഭരണമെന്ന് പ്രാഥമിക
പരിശോധനയിൽ ധനകാര്യസ്ഥാപനങ്ങളെ ബോധിപ്പിച്ച് പണയം വച്ച് പണം തട്ടുകയാണ് സംഘത്തിൻറെ രീതിയെന്ന് പോലീസ് പറഞ്ഞു .
ആറ്റിങ്ങൽ ആലംകോട് വൃന്ദാവൻ ഫാനൻസിയേഴ്‌സിൽ 2024 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ഏകദേശം 50 പവനോളം സ്വർണ്ണം, വ്യാജമായി നിർമ്മിച്ച ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് , ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ച് പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂവർ സംഘം ഇപ്പോൾ പിടിയിലായത്.

